
തിരുവില്വാമല, 06.02.2025: ഗായത്രീ മഹായജ്ഞത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടികള്‍ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി കോഴിക്കോട് കുറവക്കാട്ട് മന ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനായി ഗുരുപൂജയും പാദപൂജയും ബ്രാഹ്മണപൂജയും നടത്തി. അമ്പാടി നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ് അധ്യക്ഷത വഹിച്ചു. പുലര്‍ച്ചെ 5 ന് ഗണപതിഹോമവും മൂലമന്ത്ര ഹോമവും സൂക്ത ഹോമവും ആരംഭിച്ചു. 6.45 മുതല്‍ 8.15 വരെ ഗായത്രീ മഹാമന്ത്രം ചൊല്ലി ഒന്നാം ഘട്ട ഹവനം പൂര്‍ത്തിയാക്കി. 9 മുതല്‍ യജുര്‍വേദത്തിലെ കൃഷ്ണയജുര്‍വേദീയ തൈത്തിരീയ വിഭാഗം നാലാം പ്രശ്‌നത്തിലെ മന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടും മഹാന്യാസ രുദ്രമന്ത്രങ്ങള്‍ ചേര്‍ത്തുകൊണ്ടും രണ്ടാം ഘട്ട ഹവനം നടത്തി. 12.20 ന് വസോര്‍ധാരയും നവഗ്രഹഹോമവും നടന്നു. ബ്രഹ്മന്‍ എം.ബി. അച്യുതന്‍കുട്ടി ലക്ഷണം വിവരിച്ചു. മഹാപൂര്‍ണാഹുതി, മംഗളാരതി, ആശീര്‍വാദം, മന്ത്രപുഷ്പം, കലശാഭിഷേകം എന്നിവയ്ക്കു ശേഷം മാതാജി ബ്രഹ്മസുധാനന്ദ സരസ്വതി അമൃതിന് തുല്യമായ മധുപര്‍ക്കം പ്രസാദമായി നല്‍കി. പ്രയാഗ്‌രാജ് മഹാകുംഭമേളയുടെ പ്രസാദവും രുദ്രാക്ഷവും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് വിതരണം ചെയ്തു.ഉച്ചയ്ക്കുശേഷം കുഴല്‍മന്ദം നാരായണീയ സമിതിയും കണ്ണമ്പ്ര നാരായണീയ സമിതിയും വടക്കഞ്ചേരി നാരായണീയ സമിതിയും ചേര്‍ന്ന് നാരായണീയ പാരായണം നടത്തി. തുടര്‍ന്ന് അടുത്ത ഘട്ടം ഗായത്രീ ഹവനം, വൈകീട്ട് മംഗളാരതി, ദീപാരാധന എന്നിവയോടെ ദിവസം പൂര്‍ത്തിയാക്കി. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് എന്നിവര്‍ നേതൃത്വം നല്‍കി.