തിരുവില്വാമല, 05.02.2025: അഖില ഭാരത സന്ത് സമിതി കര്‍ണാടക സംസ്ഥാന അധ്യക്ഷനും മഹാമണ്ഡലേശ്വറുമായ സ്വാമി വിദ്യാനന്ദ സരസ്വതി മഹാരാജ്, മാതാജി ശിവജ്ഞാനമയി എന്നിവര്‍ക്ക് പാദപൂജ നടത്തി പൂര്‍ണകുംഭത്തോടെ ആദരിച്ച് വരവേറ്റതാണ് ഗായത്രീ മഹായജ്ഞത്തിന്റെ നാലാം ദിവസത്തെ ധന്യമാക്കിയത്. നാലാം ദിവസ പരിപാടികള്‍ സ്വാമി വിദ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സഭയില്‍ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവധര്‍മാനന്ദ സരസ്വതി ആശംസ നേര്‍ന്നു.രാവിലെ സവിശേഷമായി ഗോപൂജ നടത്തി. വള്ളുവനാട്ടിലെ 300 ലധികം ക്ഷേത്രങ്ങളുടെ തന്ത്രിമുഖ്യനായ പനാവൂര്‍ മന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ 69 ാം പിറന്നാള്‍ പാദപൂജ നടത്തിയും വസ്ത്രം, ദക്ഷിണ, യജ്ഞോപവീതം എന്നിവ നല്‍കിയും യജ്ഞശാലയില്‍ ആചരിച്ചു. ലോകത്തിന്റെ നിലനില്‍പ്പിന് യാഗങ്ങളും യജ്ഞങ്ങളും അനിവാര്യമാണെന്നും ഞങ്ങള്‍ തന്തിമാരെല്ലാം ദേവകാര്യത്തിലൂടെ ധര്‍മ്മരക്ഷ നടത്തുകയാണെന്നും തന്ത്രിമുഖ്യന്‍ പ്രസ്താവിച്ചു.തുടര്‍ന്നു നടന്ന ബ്രാഹ്മണപൂജയില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായ കുന്നത്തു മന കേശവന്‍ നമ്പൂതിരി, മരുതേരി മന അജിത്ത് നമ്പൂതിരി, വെട്ടിയമ്പാടി മന സന്ദീപ് നമ്പൂതിരി എന്നിവര്‍ക്ക് പാദപൂജ നടത്തുകയും പൊന്നാട ചാര്‍ത്തി ആദരിക്കുകയും ചെയ്തു.നാലാം ദിവസം പുലര്‍ച്ചെ 4.45 മുതല്‍ വേദമന്ത്രങ്ങളുടെയും സൂക്തങ്ങളുടെയും ജപം ആരംഭിച്ചു. 6 മുതല്‍ മൂലമന്ത്രജപം തുടങ്ങി. 6.45 ന് ഒന്നാം ഘട്ട ഗായത്രീ ഹവനം ആരംഭിച്ചു. രണ്ടാം ഘട്ട ഗായത്രീ ഹവനത്തിനു ശേഷം 12.20 ന് ആരംഭിച്ച വസോര്‍ധാര, മഹാപൂര്‍ണാഹുതി, കലശാഭിഷേകം എന്നിവ മഹാദീപാരാധനയോടെ മംഗളാരതിയും കഴിഞ്ഞ് ആശീര്‍വാദത്തോടെ മന്ത്രപുഷ്പത്താല്‍ സമര്‍പ്പിക്കപ്പെട്ടു. ദക്ഷിണ ഭാരതത്തിലെ ആദ്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു.സനാതനധര്‍മ്മ സംരക്ഷണമാണ് നാലാം ദിവസത്തെ സന്ദേശമെന്ന് മഠാധിപതി സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹ ഭാഷണത്തില്‍ അറിയിച്ചു. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ നേതൃത്വത്തില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ ക്ഷേത്രോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പി.ജി. അനീഷിനെ ആദരിച്ചു.അന്നദാനത്തിനുശേഷം പുതുശ്ശേരി നാരായണീയ ഏകോപന സമിതിയുടെ നാരായണീയ പാരായണം ഉണ്ടായിരുന്നു. വൈകീട്ട് 4 മുതല്‍ 6 വരെ ഗായത്രീ ഹവനം മൂന്നാം ഘട്ടം, 6 മണിക്ക് ദീപാരാധന, സത്സംഗം എന്നിവയോടെ ഗായത്രീ മഹായജ്ഞം നാലാം ദിവസത്തിന് സമാപനമായി.