

നെല്ലിയാമ്പതി:ആധുനിക കൃഷിരീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നത് ഫാമുകളാണെന്നെന്നും കേരളത്തിലെ മുഴുവന്‍ ഫാമുകളിലും ഫാം ഫെസ്റ്റുകള്‍ സംഘടിപ്പിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഗവ. ഓറഞ്ച് & വെജിറ്റബിള്‍ ഫാമില്‍ നടക്കുന്ന നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ‘നാച്യുറ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ആകെ 64 ഫാമുകളാണ് സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തുള്ളത്. അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍, തൈകള്‍ എന്നിവ കര്‍ഷകര്‍ക്കായി നല്‍കേണ്ട ഉത്തരവാദിത്വം ഉള്ളതിനാല്‍ ഏറ്റവും പ്രാധാന്യമുള്ള ഇത്തരം ഫാമുകളെ ലാഭകരമായി കൊണ്ടുപോകാന്‍ സാധിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ 50 ലക്ഷമായിരുന്ന നെല്ലിയാമ്പതി ഫാമിന്റെ വരുമാനം. കഴിഞ്ഞ 10 മാസം കൊണ്ട് 1,25,48,000 രൂപയിലെത്തി. മാര്‍ച്ചോടെ നല്ലൊരു തുക കൂടി വരുമാന മായി ലഭിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യുന്നതിന് പകരം അവയെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി വിപണനം ചെയ്യുന്നതിനും ആവശ്യമായ പരിശീലനം കര്‍ഷകര്‍ക്ക് നല്‍കാന്‍ ഫാമുകള്‍ക്ക് സാധിക്കണം. ദ്വിദിയ കാര്‍ഷിക വൃത്തിയിലും കര്‍ഷകന്‍ നൈപുണ്യം നേടണം. അതിനാവശ്യമായ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ ഫാമുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.മുന്‍പ് ഫാമിന്റെ തരിശായി കിടന്നിരുന്ന 50 ഏക്കര്‍ ഭൂമിയില്‍ 35 ഏക്കറും ഒരു കൊല്ലം കൊണ്ട് കൃഷി യോഗ്യമാക്കി. 67 ഇനങ്ങളിലുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഫാമില്‍ നിന്ന് ഉത്പാദിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിപുലമായ രീതിയില്‍ അടുത്ത തവണ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും , സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ചെറിയ ഹട്ടുകള്‍ നിര്‍മ്മിക്കുമെന്നും വന്യമൃഗ ശല്യങ്ങളെക്കൂടി അതിജീവിച്ച് ഒരു ഇഞ്ച് തരിശു ഭൂമി പോലും ഫാമില്‍ ഇല്ലാത്ത രീതിയില്‍ കൃഷ്യ യോഗ്യമാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.മനുഷ്യരിലെ 56.40 ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണെന്ന് ഐ.സി.എം.ആറിന്റെ പഠനത്തിന്റെ അടിസ്ഥാനമാക്കി മന്ത്രി പറഞ്ഞു. ലോകം 50 വര്‍ഷം കഴിയുമ്പോള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷ്യ ദൗര്‍ലഭ്യതയായിരിക്കും. കൃഷി ആദായത്തിനും ആനന്ദത്തിനും ആരോഗ്യത്തിനും ഉപയോഗിക്കുന്നതാണ്.ഔഷധ സസ്യങ്ങളുടെ വിതരണ ഉദ്ഘാടനവും കര്‍ഷകര്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്‍മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ഫറൂഖ്, എം.സിന്ധു, നെന്‍മാറ ഡി എഫ് ഒ പി.പ്രവീണ്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ അറുമുഖ പ്രസാദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിന്ധു ദേവി, ഫാം സൂപ്രണ്ട് പി.സാജിദലി,ജനപ്രതിനിധികള്‍, റിസോര്‍ട്ട് -എസ്റ്റേറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യാപാര വ്യവസായി, ടാക്‌സി ഡ്രൈവേഴ്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റ് ഫെബ്രുവരി 10 ന് സമാപിക്കും.ഫെസ്റ്റിന്റെ ഭാഗമായി ‘ഔഷധ സസ്യകൃഷിയും സംരക്ഷണവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് സി.ഇ.ഒ ഡോ. ടി.എച്ച് ഹൃദ്ദീക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് ജെ.എസ്.ഒ ഡോ. ഒ.എല്‍ പയസ്, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ഡീന്‍ ഡോ. എന്‍ മിനി രാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഭാഗ്യലത, കൃഷി അസി. ഡയറക്ടര്‍ അമൃത, കുന്നനൂര്‍ ഫാം സീനിയര്‍ കൃഷി ഓഫീസര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാം മാനേജര്‍ ദേവികീര്‍ത്തന സ്വാഗതവും കൃഷി അസിസ്റ്റന്റ് മഹേഷ് നന്ദിയും പറഞ്ഞു.ഫെസ്റ്റില്‍ ഇന്ന് ‘നാച്യുറ – 25’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് ഫെബ്രുവരി ഏഴ്) രാവിലെ ഓപ്പണ്‍ ഫോറം, ക്വിസ് മത്സരം, വോളിബോള്‍ മത്സരം എന്നിവ നടക്കും. ‘നെല്ലിയാമ്പതി ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ രാവിലെ 10 മണിക്ക് പ്രധാന വേദിയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.ഡി ഷീന ഉദ്ഘാടനം ചെയ്യും. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹനാഥന്‍ അധ്യക്ഷത വഹിക്കും. ഒ.വി.എഫ് ട്രെയിനിങ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 11.30 വരെ കര്‍ഷകര്‍ക്കും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി 11.30 മുതല്‍ ഒരു മണി വരെയും കാര്‍ഷിക ക്വിസ് മത്സരം നടക്കും. മലമ്പുഴ എച്ച്.ഡി ഫാം മുന്‍ കൃഷി അസി. ഡയറക്ടര്‍ എസ്. ശാന്തിനി ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യും. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. മീനു അധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് പുലയമ്പാറ ഷൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന വോളി ബോള്‍ മത്സരം പാടഗിരി പൊലീസ് സ്റ്റേഷന്‍ എസ്. എച്ച്.ഒ സുധിലാല്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിനോടനുബന്ധിച്ച് വൈകീട്ട് നാലിന് കലാവിരുന്നും നടക്കും.