palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

വനഭൂമി പട്ടയം: കേന്ദ്രാനുമതിക്കുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍: ജില്ലയില്‍ ഡിസംബറില്‍ വിപുലമായ വനഭൂമി പട്ടയ അദാലത്ത്ജില്ലയിലെ വനഭൂമി പട്ടയ വിഷയത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വനം, റവന്യൂ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടും സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പരിവേഷ് പോര്‍ട്ടല്‍ വഴി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത് സമയബന്ധിതമാക്കും. ഓരോ ജില്ലകളിലേയും അപേക്ഷകള്‍ ഒരുമിച്ച് മാത്രമേ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവു എന്ന നിബന്ധന പുനപരിശോധിക്കാനുള്ള ഇടപെടല്‍ നടത്തും.

ഡിസംബറിനു മുന്‍പേ ശേഷിക്കുന്ന 3542 അപേക്ഷകളും കേന്ദ്രാനുമതിക്ക് അയയ്ക്കാനുള്ള നടപടികള്‍ക്ക് സമയക്രമം തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 9366 അപേക്ഷകള്‍ ഇതിനകം റവന്യൂ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് പോര്‍ട്ടലിലൂടെ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്രമന്ത്രിയെ ഒരിക്കല്‍ക്കൂടി കാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അനുമതി ഉറപ്പാക്കിയ 261 അപേക്ഷകളില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലയിലെ വനഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയ വിഷയം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് സംസ്ഥാന റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ കേന്ദ്ര വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ സംയുക്ത പരിശോധനയ്ക്കും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും തീരുമാനമായത്. ഈ നടപടികള്‍ക്ക് ശേഷം കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളില്‍ ഇനിയും രേഖകള്‍ സമര്‍പ്പിച്ച് പട്ടയം സ്വീകരിക്കാത്തവര്‍ ഉണ്ട്. ഇവരെ കണ്ടെത്തുന്നതിന് നാല് അദാലത്തുകള്‍ നടത്തുകയും തിരച്ചില്‍ തുടരുകയുമാണ്. ഇക്കാര്യത്തില്‍ വിപുലമായ ഒരു അദാലത്ത് കൂടി ഡിസംബറില്‍ നടത്താനും യോഗത്തില്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരുടെ പട്ടയ ഡാഷ് ബോര്‍ഡ് വിഷയങ്ങളും വിവിധ സ്ഥാപനങ്ങളുടെ ഭൂമി സംബന്ധമായ അപേക്ഷളുടെ പുരോഗതിയും യോഗത്തില്‍ പരിശോധിച്ചു.

ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശിഖന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജെ. മധു, എഡിഎം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, സ്‌പെഷല്‍ തഹസില്‍ദാര്‍ (നമ്പര്‍ 1) സി.എസ് രാജേഷ്, ഭൂരേഖാ തഹസില്‍ദാര്‍ നിഷ എം. ദാസ്, വനഭൂമി തഹസില്‍ദാര്‍ നാരായണന്‍കുട്ടി, തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി.വി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

ഒളകര ആദിവാസി ഊരിലുള്ളവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണും – മന്ത്രി കെ. രാജന്‍

ഒളകര ആദിവാസി ഊരില്‍ താമസിക്കുന്നവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമപരമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വനഭൂമിയില്‍ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഒഴിവാക്കുന്നതിന് ആവശ്യമെങ്കില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുക എന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടുകളായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസം. 2016 മുതല്‍ ഇതില്‍ നിരന്തര ഇടപെടല്‍ നടത്തുകയും ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. നിവാസികളുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് ഭൂമി അളന്ന് തിരിച്ചു. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലം തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനതല സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. അവിടെ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചു. ഇതിനിടയില്‍ വണ്‍ എര്‍ത്ത് വണ്‍ ലൈന്‍ എന്ന സംഘടന ഭൂമി വിതരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയും ചെയ്തു. സ്റ്റേ വെക്കേറ്റ് ചെയ്യിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ സര്‍ക്കാരും റവന്യൂ വകുപ്പും നടത്തുന്നത്. സ്റ്റേ ഒഴിവാക്കി കിട്ടിയാല്‍ ഒട്ടും വൈകാതെ പട്ടയ വിതരണത്തിനുള്ള നടപടിയും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ ഒളകര ഊരിലേക്കുള്ള റോഡ് പുനര്‍നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതു സംബന്ധിച്ച് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വഴി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഒപ്പം ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ സുബൈദ അബൂബക്കറിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. പ്രദേശത്തെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ഊരുമൂപ്പത്തി മാധവി മന്ത്രിയെ ധരിപ്പിച്ചു. മുന്‍ പഞ്ചായത്ത് അംഗം അബൂബക്കര്‍, ട്രൈബല്‍ പ്രമോട്ടര്‍ രതീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *