പാലക്കാട്: ഭരണഘടനയെപ്പറ്റി ഓർക്കുമ്പോൾ മുനമ്പത്തെ കുറിച്ച് ഓർക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. എല്ലാ ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നവർ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.മുനമ്പത്തിൻ്റെ കാര്യത്തിൽ ഭരണഘടനയില്ലെയെന്നും മന്ത്രി ചോദിച്ചു.മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് എപ്പോഴും നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചരണാർത്ഥം എൻ.ഡി.എ തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്രത്തിൻ്റെ എല്ലാ വികസന പദ്ധതികളും പാലക്കാട് ഉണ്ടാകണം.പ്രധാന മന്ത്രി പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി നടപ്പായാൽ പാലക്കാടിൻ്റെ മാത്രമല്ല കേരളത്തിൻ്റെ ആകെ തൊഴിൽ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിൽ വികസനം ഉണ്ടാകുന്നില്ല.1950ൽ 55 ശതമാനം സാക്ഷരത കേരളത്തിലുണ്ടായിരുന്നു.പരമ്പരാഗതമായി ആർജ്ജിച്ചെടുത്തതാണ് കേരളത്തിൻ്റെ നേട്ടങ്ങൾ. അല്ലാതെ ഇടത് വലത് മുന്നണികൾ ഉണ്ടാക്കിയതല്ല. കേരളത്തിന് പുറത്ത് വ്യവസായങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് കേരളത്തിൽ വികസനം വന്നില്ലെന്ന് മന്ത്രി ചോദിച്ചു.കേരളത്തിൽ വികസന സാഹചര്യം ഉണ്ടായാൽ യുവാക്കൾ എന്തിന് കോയമ്പത്തൂരിലും, ബാംഗ്ളൂരിലും പോകണം.? ഇങ്ങനെ പുറത്തേക്ക് യുവാക്കൾ ജോലി തേടി പോകുന്ന അവസ്ഥക്ക് മാറ്റം വരണമെങ്കിൽ എൻ.ഡി.എ സർക്കാരിൻ്റെ വികസന പദ്ധതികൾ കൃത്യമായി നടപ്പാക്കപ്പെടണം.2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ അതിൻ്റെ ഗുണഫല ഗ്രാമ-നഗര ഭേദമില്ലാതെ ഏവർക്കും ലഭ്യമാകണം. അതിന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പാലക്കാട് നിന്ന് നിയമ സഭയിൽ എത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, സംസ്ഥാന വൈസ് പ്രസി: പി. രഘുനാഥ്, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി.വേണുഗോപാല്‍, ബിഡിജെഎസ് സംസ്ഥാന വൈസ്.പ്രസി: എ.എന്‍.അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു, ശിവസേന ജില്ലാ അധ്യക്ഷന്‍ ബോസ് തേങ്കുറിശ്ശി, എല്‍ജെപി ജില്ലാ അധ്യക്ഷന്‍ ജനാര്‍ദ്ദനന്‍, ബിജെപി പിരായിരി മണ്ഡലം പ്രസി: കെ.വിജേഷ്,പാലക്കാട് മണ്ഡലം പ്രസി: കെ. ബാബു,എം.പി. ശ്രീകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.