നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. നിയമവ്യവസ്ഥയെ അട്ടിമറിച്ച് കേസ് സിപിഎം ദുർബലമാക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. മൃതദേഹത്തിന് എതിരെ വരെ വ്യാജപരാതിയുണ്ടാക്കിയസംഭവത്തിൽ ഇതുവരെയുണ്ടായ നടപടികളെല്ലാം പ്രഹസനമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.