നിലമ്പൂർ: റബർ കർഷകരുമായി സംവദിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഇന്നലെ നിലമ്പൂർ നിയോജക മണ്ഡലത്തിലെ പോത്തുകല്ലിൽ നടന്ന കോർണർ യോഗത്തിന് ശേഷം ചന്തക്കുന്നിലേക്ക് പോകുമ്പോഴാണ് റബർ കർഷകരുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചത്. വിലയിടിവ് മൂലം പ്രതിസന്ധിയിലാണെന്നും വിദേശത്തുനിന്ന് രാജ്യത്തേക്ക് റബർ ഇറക്കുമതി ചെയ്യുന്നതിനാൽ ഉൽപാദന ചിലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു. മലയോര പ്രദേശങ്ങളിലെ പ്രധാന കൃഷിയായിരുന്നു റബർ. എന്നാൽ വിലയിടിവ് മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് റബർ കർഷകർ കടന്നുപോകുന്നത്. പലരും റബർ കൃഷി ഉപേക്ഷിച്ച് മറ്റു വിളകൾ കൃഷി ചെയ്യാൻ തുടങ്ങി. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും രാജ്യത്തെ റബർ കർഷകർക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ ഇറക്കുമതി നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി ചർച്ചയ്ക്കിടയിൽ വ്യക്തമാക്കി.