palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ബി.ജെ.പിയുടേത് ചെറുകിട കച്ചവടക്കാരെ തകർക്കുന്ന നയങ്ങൾ: പ്രിയങ്ക ഗാന്ധി

പൂക്കോട്ടുപാടം (നിലമ്പൂർ): ബി.ജെ.പിയുടേത് ചെറുകിട കച്ചവടക്കാരെ തകർക്കുന്ന നയങ്ങളാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിലെ പൂക്കോട്ടുപാടത്ത് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടനുഭവിച്ചത് ചെറുകിട കച്ചവടക്കാരായിരുന്നു. കൊവിഡ് സമയത്തും അവസ്ഥ സമാനമായിരുന്നു. കൊവിഡ് സമയത്ത് മറ്റു രാജ്യങ്ങൾ ചെറുകിട കച്ചവടക്കാരെ സഹായിച്ചപ്പോൾ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത് ചെറുകിട കച്ചവടക്കാരായിരുന്നു. അതിനുശേഷം അവരുടെ മേൽ ജി.എസ്.ടി അടിച്ചേൽപ്പിച്ചു. അതവർക്ക് കൂടുതൽ ദുരിതം നൽകി. ഇന്നവർ നൽകുന്ന വാടകയ്ക്ക് പോലും ജി.എസ്.ടി ചുമത്തി. പിന്നെ എങ്ങനെയാണ് ഇവർക്ക് പുരോഗതി പ്രാപിക്കാൻ കഴിയുക. എവിടെ നോക്കിയാലും ആളുകൾക്ക് ബുദ്ധിമുട്ടും പ്രയാസവുമാണ്. ചെറുകിട കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ഹോട്ടൽ നടത്തുന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പ്രയാസത്തിലാണ്. ഈ പ്രയാസങ്ങളുടെയെല്ലാം മൂല കാരണം നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ബി.ജെ.പിയുടെ തെറ്റായ രാഷ്ട്രീയമാണ്. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് രാഷ്ട്രീയക്കാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങളുടെ മുൻപിൽ വന്ന് മറ്റുള്ളവരെ വെറുക്കാനും വിദ്വേഷം കാണിക്കാനും പറയുന്ന നേതാക്കളെയാണ് കഴിഞ്ഞ പത്തുവർഷമായി നമ്മൾ കാണുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമാക്കി മതങ്ങളെയും ജാതിയേയും ബി.ജെ.പി മാറ്റിയിരിക്കുന്നു. അധികാരത്തിലേക്കുള്ള വഴി ജനങ്ങളെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് അവർ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടതില്ല എന്നാണ് നരേന്ദ്രമോദി വിചാരിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ എല്ലാ അധികാരങ്ങളും മോദി ഉപയോഗിച്ചു. ചോദ്യം ചെയ്യുന്നവരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ ഉപയോഗിച്ചും ബി.ജെ.പി വലിയ നുണപ്രചാരണങ്ങൾ നടത്തി. ചിലർ അത് വിശ്വസിച്ചു. നിരന്തരം വേട്ടയാടിയിരുന്ന സമയത്തും വയനാട്ടിലെ ജനങ്ങളാണ് അദ്ദേഹത്തിൻ്റെ കൂടെ നിന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, എം.പിമാരായ ആൻ്റോ ആൻ്റണി, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, എൻ.എ കരീം, ഇഖ്ബാൽ മുണ്ടേരി, ഇസ്മായിൽ മുത്തേടം, കാമ്പിൾ രവി, അഷ്റഫ് മുണ്ടശ്ശേരി, പാലോളി മെഹബൂബ്, എ. ഗോപിനാഥ് പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *