palakkad express news

കവചം’ സൈറണുകളുടെ ട്രയല്‍ റണ്‍ ഇന്ന്; ജില്ലയില്‍ അഞ്ചിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ‘കവചം സൈറണുകളുടെ’ ട്രയല്‍ റണ്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) നടക്കും. പാലക്കാട് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് ട്രയല്‍ റണ്‍ നടക്കുക. ദുരന്ത മുന്നറിയിപ്പ് യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുതലമട ചുള്ളിയാര്‍മേട്ടെ പ്രീ മെട്രിക് ഹോസ്റ്റല്‍, ജിഎച്ച്എസ്എസ് കോഴിപ്പാറ, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ്, അട്ടപ്പാടി ഗവ. ഐ.ടി.ഐ, ജി.വി.എച്ച്.എസ്.എസ് അഗളി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളസൈറണുകളാണ് ഇന്ന് മുഴങ്ങുക. അഗളി മേലെമുള്ള ഊരില്‍ സൈറണ്‍ സ്ഥിപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇന്ന് ട്രയല്‍ റണ്‍ നടക്കില്ല. മുതലമട ചുള്ളിയാര്‍മേട് പ്രീമെട്രിക് ഹോസ്റ്റല്‍- ഉച്ചയ്ക്ക് ശേഷം 3.10, ജിഎച്ച്എസ്എസ് കോഴിപ്പാറ- ഉച്ചയ്ക്ക് ശേഷം 3.15, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ് ഉച്ചയ്ക്ക് ശഷം 3.20, ഗവ. ഐ.ടി.ഐ അട്ടപ്പാടി ഉച്ചയ്ക്ക് ശേഷം 3.25, ജി.വി.എച്ച്.എസ്.എസ് അഗളി- ഉച്ചയ്ക്ക് ശേഷം 3.30 എന്നീ സമയങ്ങളിലാണ് സൈറണ്‍ മുഴങ്ങുക. എന്‍.സി.ആര്‍.എം.പി(നാഷ്ണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍)- രണ്ട് പ്രൊജക്ടിന്റെ ഭാഗമായി 91 ഏര്‍ലി വാണിങ് ഡിസെമിനേഷന്‍ സിസ്റ്റം (ഇ.ഡബ്ല്യു.ഡി.എസ്) സൈറണുകളാണ് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ കേന്ദ്രീകരിച്ചു നിയന്ത്രിച്ചു സൈറണ്‍ വഴി ശബ്ദമുന്നറിയിപ്പ്, വിവിധ അലര്‍ട്ടുകള്‍ക്ക് അനുസൃതമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തരം അലാം എന്നിവ സംവിധാനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇതിനു പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കും. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *